Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

സ്‌കൂള്‍ കലോത്സവം: ഗ്രേഡുകള്‍ക്കുള്ള മാര്‍ക്ക് കൂട്ടി

സ്‌കൂള്‍ കലോത്സവനടത്തിപ്പില്‍ കാര്യമായ മാറ്റങ്ങളുമായി മാന്വല്‍ പരിഷ്‌കരിച്ചു. നിശ്ചിത ഗ്രേഡുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ക്ക് കൂട്ടിയതാണ് പ്രധാന മാറ്റം. കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം എ ഗ്രേഡ് നേടുന്നവര്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കും. തുക നിശ്ചയിച്ചിട്ടില്ല. സ്‌കൂള്‍തലം മുതല്‍ ഗ്രേഡ് നേടുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുതിയ രീതി അനുസരിച്ച് എ ഗ്രേഡിന് നൂറില്‍ 80 മാര്‍ക്ക് വേണം. ബി ഗ്രേഡിന് 70, സി ഗ്രേഡിന് 60 എന്നിങ്ങനെ മാര്‍ക്കുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലും 10 മാര്‍ക്ക് വീതമാണ് വര്‍ധന. ഗ്രേഡിനനുസരിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി ഈ വര്‍ഷവും തുടരും.

        കഥകളി സിംഗിള്‍, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം, മിമിക്രി എന്നിവ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൊതുവിഭാഗത്തില്‍പ്പെടുത്തി.
        ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളില്‍ രചനാമത്സരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി.
        നാടകത്തിന്റെ മൂല്യനിര്‍ണയത്തില്‍ സംവിധാനത്തിന് നല്‍കിയിരുന്ന മാര്‍ക്കുകൂടി അഭിനയത്തിനാക്കി. സംവിധാനം മുതിര്‍ന്നവരാകും ചെയ്യുകയെന്നത് കണക്കിലെടുത്താണിത്.
        നാടോടിനൃത്തത്തിനും മറ്റും ആഡംബരം കൂടിയാല്‍ മാര്‍ക്ക് കുറയ്ക്കും.
        ഫലം വേദിയോടനുബന്ധിച്ചുള്ള ഇലക്ടോണിക് ഡിസ്‌പ്ലെ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.
        കലോത്സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കും. കടുത്ത ശിക്ഷാനടപടികളുമുണ്ടാകും.
        അപ്പീല്‍ ഫീസ് ഓരോ തലത്തിലും 500 രൂപവീതം കൂട്ടി.
        ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കും.
        പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. ഡയറക്ടറേറ്റുകള്‍ക്കുള്ള വിഹിതമല്ലാതെ കലോത്സവങ്ങള്‍ക്കായി മറ്റുപിരിവുകള്‍ പാടില്ല.
        അധ്യയനദിവസം നഷ്ടമാകാതിരിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍കൂടി മേള നടത്തണം.
        ഉദ്ഘാടനദിവസത്തെ ഘോഷയാത്ര ഒഴിവാക്കും. പകരം നിശ്ചലദൃശ്യങ്ങളടക്കമൊരുക്കി ഉദ്ഘാടനവേദിയില്‍ സാംസ്‌കാരിക വിനിമയ പരിപാടികളുണ്ടാകും. കുട്ടികളെ കൂടുതല്‍നേരം വെയിലത്ത് നിര്‍ത്തരുതെന്ന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശമനുസരിച്ചാണിത്.

വിധിനിര്‍ണയത്തിലെ ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തില്‍ വിധികര്‍ത്താക്കളുടെ പാനല്‍ രൂപവത്കരിക്കും. ഇതിനായി നാമനിര്‍ദേശം ക്ഷണിക്കും. താഴേത്തട്ടിലടക്കം വിധികര്‍ത്താക്കള്‍ ഈ പാനലില്‍നിന്നായിരിക്കണം. രണ്ടുവര്‍ഷത്തിലധികം ഒരേ ഇനത്തില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി വിധികര്‍ത്താവാകാനാകില്ല.

ഉപജില്ലാതലത്തിലെ വിധികര്‍ത്താക്കള്‍ അതേ ജില്ലയിലും ജില്ലാതലത്തിലുള്ളവര്‍ അതേവര്‍ഷം അതേ ഇനത്തില്‍ സംസ്ഥാനതലത്തിലും വിധികര്‍ത്താക്കളാകാന്‍ പാടില്ല. മത്സരത്തിനുമുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യത പരസ്യമായി പ്രഖ്യാപിക്കും. വിധികര്‍ത്താക്കളുടെ പേരിലുള്ള തട്ടിപ്പ് തടയുന്നതിന് ഇവര്‍ക്ക് ഫോട്ടോപതിച്ച തിരിച്ചറിയല്‍കാര്‍ഡ് നല്‍കും.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom