പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ലാസ്സ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. പഠന വിഭവങ്ങളെ ക്ലാസ്സ് മുറികളില്‍ എത്തിക്കുകയെന്ന സുപ്രധാന പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നത് സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനം നിലവില്‍ മിക്കവാറും സ്കൂളുകളില്‍ സാദ്ധ്യമായിട്ടുണ്ട്.
വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന്റെയും പഠനപ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുട്ടികളും, അദ്ധ്യാപകരും ഉപയോഗിക്കേണ്ട ഇന്റര്‍നെറ്റ് സ്കൂളുകളില്‍ സ്ഥാപിക്കേണ്ട നിബന്ധനകളും, നിര്‍ദ്ദേശങ്ങളെയും സംബന്ധിച്ച് 29.07.2008 ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് മാസം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഐ.റ്റി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടത്തി വരുന്നു.
ഹൈടെക് ക്ലാസ്സ് മുറികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതുന്റെ ഭാഗമായി ഇപ്പോള്‍ ഈ ഇന്റര്‍നെറ്റ് ബന്ധം ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഹൈസ്പീഡ് ഇന്റര്‍നെറ്റ് ബന്ധമാക്കി പുനക്രമീകരിച്ചു വരികയാണ്. ഒപ്പം ഹൈടെക് ക്ലാസ്സ് മുറികളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി കെല്‍ട്രോണിന്റെ സഹകരണത്തോടെ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ നടന്നു വരുന്നു.
ഈ അവസരത്തില്‍ അടിയന്തിര പ്രാധാന്യമുള്ള ചില കാര്യങ്ങള്‍ സ്കൂളുകളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.
1. സ്കൂളുകളില്‍ ഇപ്പോള്‍ ചെയ്തുവരുന്ന നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ഹൈടെക് ക്ലാസ്സ് മുറികളെ മാത്രം ലക്ഷ്യമിട്ട് നടത്തുന്നതാണ്.
2. ഓരോ സ്കൂളിലും നിലവില്‍ അനുവദിച്ചിട്ടുള്ള ഹൈടെക് ക്ലാസ്സ് മുറികളില്‍ മാത്രമാണ് നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ചെയ്യുന്നത്.
3. ഹൈടെക് ക്ലാസ്സ് മുറികളേക്കാള്‍ അധികമായി ഒരു പോയിന്റു പോലും സ്കൂളിലെത്തിയ നെറ്റ്‌വര്‍ക്കിംഗ് കരാറുകാരന്‍ ചെയ്യുന്നതല്ല.
4. നെറ്റ്‌വര്‍ക്കിംഗ് റാക്കും സ്വിച്ചും കമ്പ്യൂട്ടര്‍ ലാബിലാണ് സ്ഥാപിക്കുന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലേയ്ക്ക് നെറ്റ്‌വര്‍ക്ക് കേബിളുകള്‍ സ്ഥാപിക്കുന്നത് കമ്പ്യൂട്ടര്‍ ലാബില്‍ നിന്നുമാണ്.
5. കമ്പ്യൂട്ടര്‍ ലാബില്‍ ലഭ്യമായ മോഡത്തില്‍ നിന്നാണ് നെറ്റ്‌വര്‍ക്കിംഗ് റാക്കില്‍ സ്ഥാപിക്കുന്ന സംവിധാനങ്ങളിലൂടെ ഹൈടെക് ക്ലാസ്സ് മുറികളിലെ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്നത്.
6. ഐ.റ്റി. സ്കൂളിന്റെ/ കൈറ്റിന്റെ നിര്‍ദ്ദേശപ്രകാരം ലഭിച്ച ഇന്റര്‍നെറ്റ് കണക്ഷന്റെ മോഡവും അനുബന്ധ ഉപകരണങ്ങളും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ സ്ഥാപിച്ചിട്ടുണ്ടാവണം.
7. പഠനപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ മോഡവും അനുബന്ധ ഉപകരണങ്ങളും ചട്ടവിരുദ്ധമായി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിനു പുറത്ത് മറ്റിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതായി ഇനിയും ശ്രദ്ദയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. (താഴെ കാണുന്ന സര്‍ക്കുലറുകള്‍ പരിശോധിക്കുക.)
8. ചില സ്കൂളുകളില്‍ മോഡവും അനുബന്ധ ഉപകരണങ്ങളും സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിനു പുറത്ത് സ്ഥാപിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുമൂലം പൂര്‍ത്തീകരിച്ച നെറ്റ്‌വര്‍ക്ക് പരിശോധിക്കാന്‍ തടസ്സം നേരിടുന്നതായി അറിയുന്നു. ഈ സ്കൂളുകള്‍ ഉടന്‍ തന്നെ മോഡവും അനുബന്ധ ഉപകരണങ്ങളും സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതാണ്.
9. മോഡവും അനുബന്ധ ഉപകരണങ്ങളും സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിനുള്ളിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ള സ്കൂളുകളില്‍ മാത്രമേ ഇനി മുതല്‍ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ആരംഭിക്കുകയുള്ളൂ.
10. നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ക്കായി എത്തുന്ന സ്കില്‍ഡ് ടെക്നീഷ്യന്മാര്‍ക്ക് ജോലികള്‍ സമുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ചെയ്തു കൊടുക്കേണ്ടതാണ്.
11. നെറ്റ്‌വര്‍ക്കിംഗ് ജോലികളുടെ മുന്നോടിയായി ആവശ്യമായ സാമഗ്രികളുടെ എസ്റ്റിമേറ്റും ഡ്രോയിംഗും തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രതിനിധികള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുന്നതാണ്. സ്കൂളിന്റെ സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഈ സമയത്ത് കൊടുക്കേണ്ടതാണ്.
12. ഡ്രോയിംഗു് അടിസ്ഥാനപ്പെടുത്തി എസ്റ്റിമേറ്റു ചെയ്ത ഉപകരണങ്ങളും സാമഗ്രികളുമാണ് സ്കൂളിന് അനുവദിക്കുന്നത്. ഈ കാര്യങ്ങളിലെ തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ പരിഗണിക്കുന്നതല്ല.
13. നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ നടത്തുന്നത് സംബന്ധിച്ച പരാതികള്‍ക്ക് കൈറ്റ് ജില്ലാകോര്‍ഡിനേറ്ററെയോ, നെറ്റ്‌വര്‍ക്കിംഗ് ഏജന്‍സിയുടെ വര്‍ക്ക് സൂപ്പര്‍വൈസറിനേയോ ബന്ധപ്പെടേണ്ടതാണ്.
14. എല്ലാ സ്കൂളുകളിലേയും പ്രഥമാദ്ധ്യാപകരോ ഐ.റ്റി. കോര്‍ഡിനേറ്റര്‍മാരോ സ്കൂളില്‍ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ആരംഭിച്ച വിവരം അന്നേ ദിവസം തന്നെ ജില്ലാ കോര്‍ഡിനേറ്ററെ അറിയിക്കേണ്ടതാണ്. നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ നടക്കുന്ന സ്കൂളുകളില്‍ ജില്ലാ കോര്‍ഡിനേറ്ററോ, കൈറ്റ് പ്രതിനിധികളോ സന്ദര്‍ശിക്കുന്നതാണ്.
15. കൈറ്റ് നിയോഗിക്കുന്ന ടെക്നിക്കല്‍ സ്റ്റാഫുകളും ആവശ്യമെങ്കില്‍ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ പരിശോധിക്കാനെത്തുന്നതാണ്.
- സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ – ഉപയോഗം സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ( 9 ജൂലൈ 2007 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ NEP3/82863/07 –ാം നമ്പര്‍ സര്‍ക്കുലര്‍)
- പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നമ്പര്‍ 74002/16/DPI തീയതി. 24/10/2016 – പൊതുവിദ്യാഭ്യാസം – പ്രൈമറി സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഉപയോഗം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍