മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ഇ-ബുക്ക് റീഡറുകൾ തുടങ്ങിയവയിലൂടെയെല്ലാം നാം ഏവരിലേക്കും എത്തിച്ചേരുന്ന ഉള്ളടക്കത്തെ ഡിജിറ്റൽ മീഡിയ എന്നാണ് വിളിക്കുന്നത്. നമ്മുടെ കുട്ടികൾ ഓരോ ദിവസവും ചിലവിടുന്ന സമയത്തിൽ ഒരു വലിയ പങ്ക് ഡിജിറ്റൽ മീഡിയക്കുള്ളതായി മാറിയിട്ടുണ്ട്.
അത് മോശം കാര്യമാണെന്ന് പറയാനാകില്ല. ഇന്നത്തെ മിക്കവാറും രക്ഷിതാക്കൾ ഡിജിറ്റൽ കാലഘട്ടത്തിന് തൊട്ടുമുമ്പ് ജനിച്ചവരാണ്. ചുറ്റുമുള്ള ലോകം സാങ്കേതിക വിദ്യയിലേക്ക് പുരോഗമിക്കുന്നത് നേരിട്ട് കണ്ടനുഭവിക്കുന്നവരാണ്. പക്ഷേ, നമ്മുടെ കുട്ടികൾ ഡിജിറ്റൽ യുഗത്തിൽ തന്നെ പിറന്നുവീണവരാണ്. മുതിർന്നവരുടെ പേടിയും ഉത്കണ്ഠയും അരക്ഷിതാവസ്ഥയും അവരെ അലട്ടുന്നില്ല. അറിവിനും വിനോദത്തിനും സൗഹൃദത്തിനും ആശയവിനിമയത്തിനും തുടങ്ങി ഒട്ടെല്ലാ കാര്യങ്ങൾക്കും ഡിജിറ്റൽ മീഡിയയെ ആശ്രയിക്കുന്ന അവർക്ക് അതിന്റെ സങ്കേതങ്ങളും സാധ്യതകളും പരിചിതവുമാണ്.
പക്ഷേ, എത്രതന്നെ അറിവും കഴിവുമുണ്ടെങ്കിലും അവർ കുട്ടികളാണ്. ഡിജിറ്റൽ മീഡിയയുടെ ലോകം കുട്ടികൾ മനസ്സിലാക്കിയിട്ടുണ്ടാവാൻ സാധ്യതയുള്ളതിനേക്കാൾ സങ്കീർണവുമാണ്. അതുകൊണ്ടാണ് തന്റെ കുട്ടിയുടെ വഴികാട്ടിയും സുഹൃത്തുമായി ഡിജിറ്റൽ ലോകത്തും രക്ഷിതാവ് ഉണ്ടാകണം എന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. പക്ഷേ, ഇത് എല്ലാ കുട്ടികൾക്കും സമ്മതമായി ക്കൊള്ളണമെന്നില്ല. രക്ഷിതാവിന് സാങ്കേതികവിദ്യയിൽ തന്റെയത്ര കാര്യങ്ങൾ അറിയില്ല എന്ന് അവർ ധരിച്ചുപോയിട്ടുണ്ട്. അതിൽ കാര്യമുണ്ടുതാനും. സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് രക്ഷിതാക്കൾ പുതിയ കാലത്തിനൊത്ത് മാറാൻ ശ്രമിക്കേണ്ടതുണ്ട് എന്ന് ചുരുക്കം. അതിനുള്ള സഹായം കൊടുക്കുകയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ ക്യാമ്പെയിന്‍ 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പരിശീലന മൊഡ്യൂളും റിസോഴ്സുകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ മൂന്ന് ലക്ഷം അമ്മമാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത് .
പരിശീലന പദ്ധതിയുടെ പ്രസക്ത കാര്യങ്ങള്‍ ഇനി പറയുന്ന വിധത്തിലാണ്.
1. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലും പരിശീലനം ക്രമീകരിക്കുന്നതാണ്. ഓരോ യൂണിറ്റും ഏറ്റവും കുറഞ്ഞത് 150 അമ്മമാര്‍ക്ക് കൈറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ അടിസ്ഥാനമാക്കി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കുന്നതാണ്.
2. ഓരോ യൂണിറ്റിലേയും 4 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും 2കൈറ്റ്‌മാസ്റ്റര്‍/മിസ്ട്രസിനുംഇതിനായി കൈറ്റിന്റെ മാസ്റ്റര്‍ ട്രയിനര്‍മാര്‍/ പരിശീലനം നേടിയ എസ്.ഐ.റ്റി.സി.മാര്‍ വഴി നേരിട്ട് പ്രത്യേക പരിശീലനം നല്‍കുന്നതാണ്.
3. 2020-23 ബാച്ചിലെ ഓരോ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിലേയും 4 അംഗങ്ങളും 2 കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരും അവര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള പരിശീലന കേന്ദ്രത്തിലെത്തി നിര്‍ദ്ദിഷ്ട സമയത്ത് പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
4. ഓരോ യൂണിറ്റില്‍ നിന്നും പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും തൊട്ടടുത്ത ദിവസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്‍കേണ്ടതാണ്.
5. പരിശീലനം ലഭിച്ച അംഗങ്ങള്‍ക്ക് പ്രത്യേക ചുമതല നല്‍കി അമ്മമാര്‍ക്കുള്ള പരിശീലനം നടത്തുന്നതാണ്. പരിശീലനത്തിന്റെ സംഘാടനം മുതല്‍ നടത്തിപ്പ് വരെയുള്ള കാര്യങ്ങള്‍ കൈറ്റ് മാസ്റ്റര്‍/ മിസ്ട്രസ്മാരുടെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നതാണ്.
6. സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളെ പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നതിനും അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം ക്രമീകരിക്കുന്നതിനും അതത് സ്കൂള്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
7. പരിശീലനത്തില്‍ കൈറ്റ് നിര്‍ദേശിച്ച മൊഡ്യൂളിലെ ഉള്ളടക്കം മാത്രമായിരിക്കണം വിനിമയം ചെയ്യേണ്ടത്.