മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രമേശ് നാരായണന്റെ സംഗീതം; 'പുതിയൊരു സൂര്യനുദിച്ചേ...' പ്രവേശനോത്സവഗാനം കേൾക്കാം. പുത്തനുടുപ്പും പുസ്‌തകങ്ങളുമായി കളിചിരികൾ നിറഞ്ഞ കൊച്ചുവർത്തമാനങ്ങളുമായി സ്‌കൂൾ അങ്കണങ്ങൾ വർണാഭമാകില്ലെങ്കിലും പകിട്ടുകുറയാതെ ഇത്തവണയും പ്രവേശനോത്സവം. ജൂൺ ഒന്നിന് പകൽ 11നാണ് സ്‌കൂളുകളിൽ ഓൺലൈനായി പ്രവേശനോത്സവം. രക്ഷിതാക്കൾ കുട്ടികളെ അണിയിച്ചൊരുക്കി ഓൺലൈനിലൂടെ പരിചയപ്പെടുത്തും. കലാപരിപാടികളുമുണ്ടാകും. ആദ്യ വിദ്യാലയ ദിനത്തിന്റെ ഓർമയ്‌ക്കായി പ്രീസ്‌കൂൾ, ഒന്നാംക്ലാസ് വിദ്യാർഥികൾ വീട്ടുമുറ്റത്ത് നാട്ടുമാവിൻ തൈകൾ നടും. ക്ലാസ്‌തല പ്രവേശനോത്സവവും സംഘടിപ്പിക്കും. ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പും സ്‌കൂൾ പിടിഎ കമ്മിറ്റികളും. എംപി, എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മുതൽ പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ജനപ്രതിനിധികളുംചലച്ചിത്ര താരങ്ങളും സാംസ്‌കാരിക പ്രവർത്തകരും കായികതാരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരെ പങ്കെടുപ്പിക്കും. പൊതുവിദ്യാലയങ്ങളിലെ എട്ടുവരെയുള്ള കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണം 95 ശതമാനം പൂർത്തിയായി. പാഠപുസ്‌തകങ്ങളാകട്ടെ എല്ലാ സ്‌കൂളിലും എത്തി. സ്‌കൂൾ തുറക്കുംമുമ്പ് വിതരണം പൂർത്തിയാകും. പ്രവേശനോത്സവം ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഹ്രസ്വവീഡിയോ പ്രദർശിപ്പിക്കും. വീടുകളിൽ മധുരപലഹാര വിതരണം, ഓൺലൈനായി ബന്ധുക്കളുടെയും കൂട്ടുകാരുടെയും ആശംസ തുടങ്ങിയവയുണ്ടാകും.