Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
പ്രിയ സുഹൃത്ത് ശബരീഷ് മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍...

സ്വതന്ത്ര സോഫ്റ്റ് വെയറിലൂടെ കാലത്തിന് മുന്നേ സഞ്ചരിച്ച അധ്യാപകന്‍; ജീവിതം മുഴുവന്‍ മാറ്റിവെച്ചത് 'ഐടി@സ്‌കൂള്‍' പ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍..

മലപ്പുറം: ഐടി@ സ്‌കൂള്‍ എന്ന ആശയം പിച്ച വച്ചുതുടങ്ങുമ്ബോള്‍ മുതല്‍ അതിന്റെ കൂട്ടുകാരനായി മാറിയതാണ് പിവി ശബരീഷ് എന്ന അധ്യാപകന്‍. സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശത്തില്‍ ചിറകുകള്‍ വിരിച്ച്‌ പറക്കാനുള്ളതാണ് അറിവുകള്‍, അതിനൊരിക്കലും കൂച്ചുവിലങ്ങ് ഇടരുതെന്ന് അദ്ദേഹം ഉറച്ച്‌ വിശ്വസിച്ചു.

45 വയസ് വരെയുള്ള ജീവിതം മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലേക്ക് നീക്കി വച്ചതെന്ന് അറിയുമ്ബോഴാണ് ആ ആത്മസമര്‍പ്പണം നമ്മള്‍ അറിയുന്നത്. ലോകത്തില്‍ ഒരുപക്ഷേ മറ്റൊരിടത്തും ഇല്ലാത്ത സ്‌കൂള്‍ വിക്കി എന്ന ആശയം യാഥാര്‍ഥ്യമാക്കിയതും മാഷാണ്.

ഐടി@ സ്‌കൂള്‍ പദ്ധതി കൈറ്റായി മാറിയ ശേഷം മലപ്പുറം വിദ്യാഭ്യാസ ജില്ല മാസ്റ്റര്‍ ട്രെയിനര്‍ കോഡിനേറ്ററായി പ്രവര്‍ത്തിച്ചുവരവേയാണ് അപ്രതീക്ഷിതമായ വിടവാങ്ങല്‍.

സകൂള്‍ വിക്കി

'സ്‌കൂള്‍ വിക്കി' യെന്ന ആശയം പ്രാവര്‍ത്തിക്കമാക്കിയതില്‍ ശബരീഷിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് കെ അന്‍വര്‍ സാദത്ത് അനുസ്മരിച്ചു. വിക്കിപീഡിയ മാതൃകയില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും എല്ലാ വിവരങ്ങളും ലഭ്യമാവുന്ന ശേഖരമാണ് 'സ്‌കൂള്‍ വിക്കി'. കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരംഭമായ ഐടി @ സ്‌കൂള്‍ തയ്യാറാക്കുന്ന സംരംഭമാണ് സ്‌കൂള്‍ വിക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകസൃഷ്ടികളും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമാണ് ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികളുടെ പ്രിയ അദ്ധ്യാപകന്‍

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഐടിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതില്‍ ഐടി@സ്‌കൂള്‍ പദ്ധതി വഹിച്ച പങ്കു ചെറുതല്ല. പദ്ധതിയുടെ തുടക്കം മുതല്‍ ഭാഗമായ ശബരീഷ് മാഷ് നല്ലൊരു അധ്യാപകപശീലകനായിരുന്നു. ഗണിത ശാസ്ത്രാധ്യാപകനെന്ന നിലയില്‍ ഐടി കസ്റ്റമൈസേഷനിലും മുഖ്യപങ്കാളിയായി. ഐടി@സ്‌കൂളിന്റെ തുടക്ക കാലത്ത് സാങ്കേതിക വിദ്യകളുടെ ഏകോപനത്തിലും മുന്‍പന്തിയിലായിരുന്നു. വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വേറിലേക്ക് മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ് വേറിനെക്കുറിച്ച്‌ രണ്ടു പുസ്തകമെഴുതി.

നിലവില്‍ മൂവായിരത്തോളം സ്‌കൂളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍, ഭൗതികസൗകര്യങ്ങള്‍, ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകള്‍ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകള്‍, പ്രാദേശികപത്രങ്ങള്‍, പ്രാദേശികചരിത്രം, സ്‌കൂള്‍ കലോല്‍സവ സൃഷ്ടികള്‍, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാര്‍ത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകള്‍ എന്നിവ ഉള്‍പ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂള്‍വിക്കിയില്‍ ലക്ഷ്യമിടുന്നത്. യൂണികോഡ് പിന്തുണക്കുന്ന ഏതെങ്കിലും ലിപിമാറ്റ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചോ, ഇന്‍സ്‌ക്രിപ്റ്റ് ഉപയോഗിച്ചോ ഇതില്‍ മലയാളം എഴുതാന്‍ സാധിക്കും.

'ഉബുണ്ടു'വെന്ന സ്വതന്ത്ര സോഫ്ട് വേര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്കാവശ്യമുള്ള എല്ലാ പഠന മാതൃകകളും തയ്യാറാക്കിയത് ശബരീഷാണ്. ഐടി പഠിക്കാന്‍ ഒരു സിലബസ്സു പോലുമില്ലാതിരുന്ന കാലത്ത് കൃത്യമായ ഒരു ചട്ടക്കൂടുണ്ടാക്കി. പാഠപുസ്തക കമ്മിറ്റിയുടെ റിസോഴ്‌സ് പേഴ്‌സണായി. പാഠഭാഗങ്ങള്‍ കംപ്യൂട്ടര്‍വത്കരിച്ചു. മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ശബരീഷ്.

ജീവിതരേഖ

ചെറാട്ടുകുഴി പരേതനായ നാരായണന്‍കുട്ടിയുടെയും കനകമാലികയുടെയും മകനാണ്. ഭാര്യ: നീന ശബരീഷ് (മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രസതന്ത്രവിഭാഗം അദ്ധ്യാപിക). മകള്‍: വൈഷ്ണവി (പാലാ സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരപകടതത്തില്‍ പെട്ട് ശബരീഷിന്റെ ഒരുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്രിമക്കാല്‍ വച്ച്‌ തന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നു. എന്നാല്‍, അടുത്ത സുഹൃത്തുക്കള്‍ക്കൊഴികെ മറ്റാര്‍ക്കും ഇക്കാര്യം അധികം അറിയാമായിരുന്നില്ല. ഹൃദ്രോഗമടക്കം അലട്ടിയപ്പോഴും അതൊന്നും വകവയ്ക്കാതെ കര്‍മനിരതനായിരുന്നു. സുഹൃത്തുക്കളോട് പോലും രോഗങ്ങള്‍ പറഞ്ഞ് ജീവിത പരിഭവങ്ങള്‍ പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സമയവുമില്ലായിരുന്നു. കര്‍മം മാത്രം ചെയ്ത് ഫലം ഇച്ഛിക്കാതിരുന്ന ശബരീഷ് മാഷിന്റെ ഓര്‍മയ്ക്കായി ഇന്ന് മലപ്പുറത്ത് സുഹൃത്തുക്കള്‍ ഒത്തുകൂടി.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom