Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

പുതിയ ഇന്‍സ്ക്രിപ്റ്റ് കീബോർഡിന്റെ പ്രത്യേകത

  ഐ.ടി@സ്‍കൂൾ ഗ്നു/ലിനക്സ് 18.04 ല്‍ ചില്ലക്ഷരങ്ങളുടെ ഇൻപുട്ട് രീതിയിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നത്  അറിയാമല്ലോ. അഞ്ച് വർഷം മുൻപ് തന്നെ  ഈ കീബോർഡ് നിലവിൽ വന്നിട്ടുണ്ടെങ്കിലും പാഠപുസ്തക പരിഷ്ക്കരണത്തോടൊപ്പം മാത്രം പുതിയ മാറ്റങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഈ മാറ്റം ഉൾപ്പെടുത്താൻ നാം വൈകിയത്. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് പഴയതെങ്കിലും വളരെ പ്രധാനമായ ഈ മാറ്റത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ് ഇവിടെ. ചിലർക്കെങ്കിലും ഇത് പുതിയ അറിവുമായിരിക്കാം.
  ഐ.ടി@സ്‍കൂൾ ഗ്നു/ലിനക്സ് 14.04  വരെ ഇന്‍സ്ക്രിപ്റ്റ് കീബോർഡിന്റെ പഴയ പതിപ്പാണ് ഭാഷാ ഇൻപുട്ടിനായി ഉപയോഗിച്ചിരുന്നത്. 18.04 ലാകട്ടെ  ഇന്‍സ്ക്രിപ്റ്റിന്റെ പുതിയ പതിപ്പ് ഉപയോഗിച്ചുള്ള കീബോർഡും.

  പുതിയ ഇന്‍സ്ക്രിപ്റ്റ് കീബോർഡിന്റെ പ്രത്യേകത ചില്ലുകൾക്ക് ആണവച്ചില്ല് ഉപയോഗിക്കാം എന്നതാണ്. യൂണികോഡ് കൺസോ‍ർഷ്യത്തിന്റെ നിബന്ധനപ്രകാരം Backward compatibility നല്‍കേണ്ടതിനാൽ പുതിയ ഇന്‍സ്ക്രിപ്റ്റ് കീബോർഡിലും പഴയ കീബോർഡിന്റെ മിക്കവാറും സൗകര്യങ്ങൾ നിലനിർത്തിയിട്ടുണ്ട്. അതായത്, പുതിയ കീബോർഡിൽ ആണവച്ചില്ല് ഉപയോഗിച്ചും പഴയ വിഘടിത/ഒട്ടുചില്ല് ഉപയോഗിച്ചും ഇൻപുട്ട് ചെയ്യാം.

എന്താണ് ആണവചില്ല് ?

    മലയാളം ഇൻപുട്ട് ചെയ്യുമ്പോൾ  ന്‍, ര്‍, ല്‍, ള്‍, ണ്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ, ല+ചന്ദ്രക്കല+ZWJ, ള+ചന്ദ്രക്കല+ZWJ, ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍‌കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. അതായത്, ഇനി കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില്ല് ടൈപ്പ് ചെയ്യാൻ ചുവ‍ടെ നല്‍കിയ രീതിയാണ് ഉപയോഗിക്കേണ്ടത്.

ന്‍  -   എന്നത്  Shift+V യിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ര്‍   - എന്നത്  \  (Backward slash) എന്ന  കീയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ല്‍  - എന്നത്  Shift+ > എന്ന  കീയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ള്‍  - എന്നത്  Shift+ *  കീയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ണ്‍  - എന്നത്  Shift+ X  എന്ന  കീയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിപ്പോൾ പറയാൻ കാരണമെന്ത്?

    ഐസിടി പാഠപുസ്തകത്തിൽ ആണവചില്ല് മാത്രമേ പരിചയപ്പെടുത്തുന്നുള്ളൂ. അതേ സാധിക്കൂ. അതുകൊണ്ട് തന്നെ നാം ഇനി തയാറാക്കുന്ന എല്ലാ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങളും (മലയാളം ടൈപ്പിങ് മത്സരം മുതലായവ.) ആണവചില്ല് ഉപയോഗിച്ചാവേണ്ടി വരുമല്ലോ?  എന്നാൽ നാം ഉപയോഗിക്കുന്ന കീബോർഡിൽ രണ്ട് ചില്ലുകളും ലഭ്യമായതിനാൽ പഴയ ശീലം വെച്ച്  വീണ്ടും ഒട്ടുചില്ല് ഉപയോഗിക്കപ്പെടാം. ഇത് അപകടമാണ്.

എന്താണ് അപകടം
    ഒരു അക്ഷരം രണ്ട് രീതിയിൽ എൻകോഡ് ചെയ്യപ്പെടുമ്പോൾ അവയുടെ പുനരുപയോഗത്തിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടുിക്കുന്നു.  ഉദാഹരണത്തിന് ആരോഹണക്രമം, അവരോഹണക്രമം മുതലായ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും സെർച്ച് ചെയ്യുമ്പോഴും, ഓൺലൈനിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോഴും വലുതായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.  കുട്ടികൾ ഒട്ടുചില്ല് ഉപയോഗിച്ച് തയാറാക്കിയ  ഡോക്യുമെന്റുകൾ സ്കൂൾവിക്കിയിൽ ചേർത്തപ്പോൾ ഈ പ്രശ്നം നാം വലുതായി അനുഭവിച്ചതാണ്. മാത്രമല്ല, ഇത് സ്പൂഫിങ്ങിനും ഇടവരുത്താം. (സെ‍ർച്ചിങ്ങിലെ പ്രശ്നം ഗൂഗിളും വിക്കിയും ഇപ്പോൾ പ്രത്യേക അൽഗോരിതമുപയോഗിച്ച് പരിഹരിച്ചിട്ടുണ്ട്.)

ആയതിനാൽ...
    യൂണിക്കോഡ് കണ്‍സോർഷ്യം ഇപ്പോൾ അംഗീകരിച്ച രീതിയിൽ ഇനി നമുക്ക് ആണവച്ചില്ലുകൾ മാത്രം ഉപയോഗിച്ച് ചില്ലുകൾ ടൈപ്പ് ചെയ്യാം... നമ്മുടെ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ചില്ലുകൾ ടൈപ്പ് ചെയ്യേണ്ട അവസരത്തിൽ മനപ്പൂർവം ആണവചില്ലിനെ ഓ‍‍ർക്കുക. ടൈപ്പ് ചെയ്യുക.

പിൻകുറിപ്പ് (കൂടുതൽ അറിയേണ്ടവർക്ക്)

    ഏത് ചില്ല് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് 2008 മുതൽ മലയാളം കമ്പ്യൂട്ടിങ് രംഗത്ത് വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് കുറേയൊക്കെ ഇന്റർനെറ്റിൽ പലയിടത്തായി ഉണ്ട്. ചില്ലുകൾ എന്താണ് എന്നതിന്റെ പ്രധാനമായും രണ്ടുതരത്തിലുള്ള മനസ്സിലാക്കലിന്റെ പുറത്താണ് അന്ന് ചർച്ചകൾ നടന്നത്. തീർച്ചയായും അന്ന്, ചർച്ചകളിൽ പങ്കെടുത്തവരുടെ ഈ വിഷയത്തിലെ അറിവിന്റെ പരിമിതികൾ ഉണ്ടായിരുന്നു. ഖരാക്ഷരങ്ങളോടു സങ്കീർണ്ണമായ ബന്ധം ആണുള്ളത്, അതുകൊണ്ട് ഒറ്റയ്ക്ക് അറ്റോമിക് ആയി നിൽക്കാൻ ചില്ലുകൾക്ക് യോഗ്യതയുണ്ടെന്ന വാദമാണ് യൂണിക്കോ‍ഡ് കണ്‍സോർഷ്യം അംഗീകരിച്ചത്. ചില്ല് എന്ന സ്വഭാവം എല്ലാ ഖരാക്ഷരങ്ങൾക്കുമുള്ളതുകൊണ്ട്, അവ വേറേവേറെ എൻകോഡ് ചെയ്യുന്നത് ശരിയാവില്ലെന്ന വാദം പണ്ട് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവർത്തകർ (SMC)  ഉയർത്തിയിരുന്നു, കൂടാതെ "കാൽ->കാലിന്റെ" എന്നൊക്കെ വരുമ്പോൾ ചില്ല് തെളിഞ്ഞു അതിന്റെ ഖരാക്ഷരരൂപത്തിലേക്ക് പോകുന്നത് വളരെ കൃത്യമായതിനാൽ വരുംകാല ടെക്സ്റ്റ് പ്രൊസസ്സിങ്ങിനെ ലളിതമാക്കും എന്നും വാദിച്ചിരുന്നു. പക്ഷേ അതൊന്നും സ്വീകരിക്കപ്പെട്ടില്ല. ഈ മേഖലയിലെ അക്കാദമിക് ആളുകളോട് അത് വിശദമാക്കാനോ അവരെ ഉൾക്കൊള്ളിക്കാനോ കെല്പില്ലാത്തവരുമായിരുന്നു യുവാക്കളായ SMC ക്കാർ. പക്ഷേ ചില്ല് എൻകോഡ് ചെയ്തത് തെറ്റായെന്ന് പിന്നീട്ട് ഗൂഗിൾ തന്നെ റിപ്പോർട്ട് ചെയ്തു- http://www.unicode.org/L2/

  ഇതുപോലെ ന്റ ഇപ്പോൾ പ്രശ്നത്തിലാണ്. ഇതുവരെ നാം എഴുതിയ ന്+റ എന്ന ന്റ തെറ്റാണെന്നും ൻ+്+റ ആവണമെന്നും യുണിക്കോഡ് പറയുന്നുണ്ട്. ഇതിലൊക്കെ എന്നെങ്കിലും നമ്മുടെ മലയാളം അക്കാദമിക് സമൂഹം ഇടപെടുമോ ആവോ?

  ചില്ലുസംവാദത്തെക്കുറിച്ചറിയാൻ കൂടുതലറിയാൻ ഇതിനെക്കുറിച്ച് 2013 ൽ എഴുതിയ ഒരു ലേഖനം ഇവിടെയുണ്ട്.  https://hassainarmankada.wordpress.com/2013/08/06/atomic_encoding/
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom