മലപ്പുറം: നൂതന സാങ്കേതിക സംവിധാനങ്ങളായ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ത്രീഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത നൂറു പേരാണ് ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂൾ, പറവണ്ണയില്‍ നടക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്.
കൈറ്റ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്ന, ഓരോ കുട്ടിക്കും അക്കാദമിക് മാസ്റ്റർ പ്ലാൻ എന്ന സങ്കല്പം യാഥാർഥ്യമാക്കാൻ സാങ്കേതികവിദ്യയിലൂടെ വ്യക്തിഗത പഠന രീതി ആവിഷ്‌കരിക്കും. ക്യാമ്പിന്റെ തുടർച്ചയായി ഒരുലക്ഷത്തിലധികം വരുന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും ഈ മേഖലകൾ പരിചയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്‌സ്, സോഫ‌്റ്റ‌് വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ച‌് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ് അഥവാ ഐഒടി. കുട്ടികൾ തന്നെ ക്യാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐഒടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തൺ പ്രോഗ്രാമിങ്ങും പരിശീലിക്കുന്നു. വൈകീട്ട് പ്രകൃതിരമണീയമായ പടിഞ്ഞാറെക്കര കടലോരം സന്ദര്‍ശിച്ചു. രാത്രി സാംസ്കാരിക പരിപാടികള്‍ക്ക് എംടിമാരായ സക്കീര്‍ ഹുസൈന്‍, ഷോജ, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കൈറ്റ് ജില്ലാ കോ ഓഡിനേറ്റർ ടികെ അബ്ദുള്‍ റഷീദ്, പ്രധാനദ്ധ്യാപിക കെ പി അംബിക, പിടിഎ പ്രസിഡന്റ് ഹംസ അന്നാര, വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം, എംടിസി പ്രദീപ് മാട്ടറ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
കൈറ്റ് വാര്‍ത്തകള്‍ക്കു വേണ്ടി ക്യാമറമാന്‍ മഹേഷിനോടൊപ്പം പി എ റസാക്ക്.