Application andCircular No 73-2018-Fin dated 07/08/2018 Download
1. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ ? ആയതിലേക്ക് വിവരശേഖരണം എല്ലാ ജീവനക്കാരും പെന്ഷനക്കാരും നൽകേണ്ടതുണ്ടോ ?
24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെന്ഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്കും പെന്ഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്.
2. പ്രസ്തുത പദ്ധതിയിൽ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കുന്നവർ ആരൊക്കെയാണ്?
(a) പങ്കാളി. (സംസ്ഥാന സർക്കാർ/സർവകലാശാലാ/തദ്ദേശ സ്വയംഭരണ ജീവനക്കാർ , സർവ്വീസ്/സർവകലാശാലാ/തദ്ദേശ സ്വയംഭരണ പെൻഷൻകാർ എന്നിവർ പ്രസ്തുത വിവരം രേഖപ്പെടുത്തേണ്ടതും പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗമായി ചേരേണ്ടതുമാണ്.)
(b) ജീവനക്കാരെ മാത്രം പൂർണ്ണമായി ആശ്രയിച്ചുകഴിയുന്ന മാതാപിതാക്കൾ . (സംസ്ഥാന സർക്കാർ/സർവകലാശാലാ/തദ്ദേശ സ്വയംഭരണ ജീവനക്കാർ , സർവ്വീസ്/ സർവകലാശാലാ/തദ്ദേശ സ്വയംഭരണ പെൻഷന്കാർ എന്നിവർ ആശ്രിതരല്ല. അപ്രകാരമുള്ളവർക്ക് പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗത്വത്തിനു അർഹതയുണ്ട്.)
(c) ഇരുപത്തിയഞ്ച് വയസ് പൂർത്തീകരിക്കുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിയുന്നതുവരെയോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ ഇവയിലേതാണോ ആദ്യം അതുവരെയുള്ള കുട്ടികൾ .
(d) ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കൾക്ക് പ്രായപരിധി ബാധകമല്ല.
3. പങ്കാളി സർക്കാർ ജീവനക്കാര്/പെൻഷണർ ആണെങ്കിൽ ആശ്രിതരായി ഉൾപ്പെടുത്തേണ്ടതുണ്ടോ ?
ഒന്നാമത്തെ ആശ്രിതൻ /ആശ്രിതയായി പങ്കാളി ഉള്ളപക്ഷം (ടിയാൾ സർക്കാർ ജീവനക്കാർ /പെന്ഷൻകാർ ആണെങ്കിലും) പങ്കാളിയുടെ വിവരങ്ങൾ നൽകേണ്ടതാണ്. തുടർന്ന് പങ്കാളി പദ്ധതിയിൽ പ്രധാന അംഗമായി വിവരം നല്കണം.
4. ബ്ലഡ് ഗ്രൂപ്പ് നല്കുന്നത് നിര്ർബന്ധമാണോ? പ്രൊഫോർമയോടൊപ്പം ഫോട്ടോ നൽകേണ്ടതുണ്ടോ?
ബ്ലഡ് ഗ്രൂപ്പ് സംബന്ധിച്ച വിവരം നല്കുന്നത് അഭികാമ്യമാണ്. പ്രൊഫോർമയോടൊപ്പം ഫോട്ടോ നൽകേണ്ടതില്ല.
5. സമാന സർക്കാർ പദ്ധതി പദ്ധതി എന്നാൽ എന്താണ്? സ്വകാര്യ ഇൻഷുറൻസ് പദ്ധതികളുടെ വിവരം നല്കണമോ?
ECHS, CGHS, CHSS, RSBY തുടങ്ങിയവയാണ് ആയതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യ പദ്ധതികളുടെ വിവരം നൽകേണ്ടതില്ല.
6. കണ്ടിജൻറ് /പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർ /പെന്ഷൻകാർ , എക്സ്ഗ്രേഷ്യാ പെന്ഷൻകാർ എന്നിവരുടെ വിവരം ശേഖരിക്കണമോ?
സേവനകാലത്തിനുശേഷം ഏതെങ്കിലും തരത്തിലുള്ള പെൻഷനു അർഹതയുള്ളതോ, പെൻഷൻ വാങ്ങുന്നതോ ആയ എല്ലാ ജീവനക്കാരുടെയും വിവരം നല്കണം.
7. അന്യത്രസേവനത്തിൽ തുടരുന്ന ജീവനക്കാർ എപ്രകാരമുള്ള വിവരങ്ങൾ ആണ് നൽകേണ്ടത്?
ഒരു സർക്കാർ വകുപ്പിൽ നിന്നും മറ്റൊരു സർക്കാർ വകുപ്പിലേക്ക് അന്യത്ര സേവനത്തിൽ നിയമിതരായിട്ടുള്ള ഉദ്യോഗസ്ഥർ നിലവിലെ തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതും സർക്കാർ വകുപ്പിൽ നിന്നും ബോർഡ്/കോർപ്പറേഷൻ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ അന്യത്ര സേവനത്തിൽ നിയമിതരായ ഉദ്യോഗസ്ഥർ മാതൃവകുപ്പിലെ വിവരങ്ങളുമാണ് നൽകേണ്ടത്.
8. എല്ലാ സ്ഥാപനങ്ങളും വകുപ്പുകളും വിവരശേഖരണത്തിനായും പദ്ധതി നടത്തിപ്പിനായും നോഡൽ ഓഫീസറെ നിയമിക്കേണ്ടതുണ്ടോ?
എല്ലാ വകുപ്പ് മേധാവികളും കേരളാ ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചുള്ള വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും 20/08/2018 തീയതിക്കകം വകുപ്പ് തലത്തിൽ നോഡൽ ഓഫീസറെ നിയമിക്കുകയും പ്രസ്തുത ഓഫീസറുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, ഓഫീസ് നമ്പർ സഹിതമുള്ള വിവരങ്ങൾ 30/08/2018 തീയതിക്കകം ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പിനെ രേഖാമൂലവും adlsecy.hltins@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും അറിയിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ സർവ്വകലാശാലകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നീ സ്ഥാപനങ്ങളും നോഡൽ ഓഫീസറെ നിയമിച്ച് ധനകാര്യ വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
9. പദ്ധതിയുടെ വിവരശേഖരണം നല്കികഴിഞ്ഞാലുടന്തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുമോ?
ഇല്ല. പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ടെൻഡർ നടപടികൾക്ക് മുന്നോടിയായിട്ടാണ് പ്രസ്തുത വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ മറ്റ് വ്യവസ്ഥകള് ടെൻഡർ വഴി രൂപപ്പെട്ടുവരേണ്ടതാണ്.
10. 01.08.2018 തീയതിക്കു മുൻപ് വിവരം ബന്ധപ്പെട്ട വെബ് സൈറ്റിൽ നല്കിയവർ വീണ്ടും വിവരം നൽകേണ്ടതുണ്ടോ?
സർക്കുലർ നം.62/18/ധന തീയതി 11.07.2018 പ്രകാരം 01.08.2018 തീയതി വരെ വിവരം നൽകിയിട്ടുള്ളവർ ഒരിക്കൽക്കൂടി നിശ്ചിത പ്രൊഫോർമയിൽ വിവരം നൽകേണ്ടതാണ്.
11. മാതാപിതാക്കൾ രണ്ടു പേരും സർക്കാർ ജീവനക്കാർ ആണെങ്കിൽ കുട്ടികളെ ഒരേ സമയം രണ്ട് പേരുടേയും ആശ്രിതരായി ചേർക്കാമോ? സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് ഒന്നിൽ കൂടുതൽ മക്കളുടെ ആശ്രിതരാകുവാൻ സാധിക്കുമോ?
ഇല്ല. ഒരാൾക്ക് ഒരാളുടെ ആശ്രിതൻ /ആശ്രിതയായി മാത്രമേ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളു. ഒന്നിൽ കൂടുതൽ തവണ ആശ്രിതരായി പേരു ചേർത്താൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല.
12. സ്വയമേവ പദ്ധതിയിൽ പ്രധാന അംഗമായി ചേരുവാൻ അർഹതയില്ലാതിരിക്കുകയും പങ്കാളിക്കും മക്കൾക്കും പദ്ധതിയിൽ സ്വഭാവിക അംഗത്വത്തിനു അർഹതയുള്ള സാഹചര്യത്തിൽ ആരുടെ ആശ്രിതനായാണ് പദ്ധതിയിൽ ചേരുവാൻ കഴിയുക? ഒന്നിൽ കൂടുതൽ പേരുടെ ആശ്രിതരായി പദ്ധതിയിൽ ചേരുവാൻ സാധിക്കുമോ?
പങ്കാളിയുടെ ആശ്രിതൻ /ആശ്രിതയായി വിവരം നല്കണം. ഒരാൾക്ക് ഒരാളുടെ ആശ്രിതൻ /ആശ്രിതയായി മാത്രമേ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളു. ഒന്നിൽ കൂടുതൽ തവണ ആശ്രിതരായി പേരു ചേർത്താൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല.
13. സംസ്ഥാന സർവ്വീസ്/പാർട്ട് ടൈം കണ്ടിജൻറ് /എക്സ്ഗ്രേഷ്യാ /ദേശീയ പെൻഷൻ പദ്ധതി പ്രകാരമുള്ള പെൻഷൻകാർ എന്നിവർ വിവരം എന്നു മുതൽ നല്കണം?
സംസ്ഥാന സർവീസ്/ പാർട്ട് ടൈം കണ്ടിജൻറ് / എക്സ്ഗ്രേഷ്യാ/ ദേശീയ പെൻഷൻ പദ്ധതി/കുടുംബ പെൻഷൻ എന്നീ പെൻഷൻകാരുടെ വിവര ശേഖരണത്തിനുള്ള നിർദ്ദേശവും സമയക്രമവും പ്രത്യേകം പുറപ്പെടുവിക്കുന്നതായിരിക്കും.
14. സ്വയമേവ പദ്ധതിയിൽ പ്രധാന അംഗത്വത്തിന് ഭാര്യാ ഭർത്താക്കന്മാർക്ക് ഒരു പോലെ അർഹതയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ (രണ്ടു പേരും സർക്കാർ ജീവനക്കാരോ അല്ലെങ്കിൽ പെൻഷൻകാരോ ആകുന്ന പക്ഷം) പ്രത്യേകം അംഗത്വം എടുക്കേണ്ടതുണ്ടോ?
ഉണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ആയ എല്ലാപേരും നിർബന്ധമായും പദ്ധതിയിൽ അംഗമാകണം.
15. വിരമിക്കൽ , മരണം തുടങ്ങിയ കാരണങ്ങള്മുലം വിവരങ്ങൾ ഭാവിയിൽ തിരുത്തുന്നതിനുള്ള അവസരം ലഭിക്കുമോ?
അപ്രകാരം അതതു നോഡൽ ഓഫീസർ /ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർ തലത്തിൽ അവസരം നല്കുന്നതാണ്.
16. പദ്ധതിയിൽ പ്രധാന അംഗത്വത്തിന് അർഹതയുള്ളവർക്ക് ഭർത്താവിന്റെ / ഭാര്യയുടെ മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്തുവാൻ സാധിക്കുമോ?
സാധിക്കില്ല.
17. പാർട്ട് ടൈം കണ്ടിജൻറ് / കണ്ടിജന്റ് എംപ്ലോയീസ്, പാർട്ട് ടൈം ടീച്ചേഴ്സ് എന്നിവർ പദ്ധതിയുടെ പരിധിയിൽ വരുമോ? അപ്രകാരമുള്ളവർ വിവരം നൽകേണ്ടതുണ്ടോ?
പ്രസ്തുത വിഭാഗം ജീവനക്കാർ പദ്ധതിയുടെ പരിധിയിൽ വരുന്നതിനാൽ വിവരം നൽകേണ്ടതുണ്ട്.
18. പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനത്തിലിരിക്കുന്നവരോ പെൻഷൻകാരോ ആയ മാതാപിതാക്കളെ ആശ്രിതരുടെ പരിധിയിൽ ഉൾപെടുത്താമോ ?
ഇല്ല.
19. ECHS, CGHS, CHSS എന്നിവയുടെ പരിധിയിൽ വരുന്ന ജീവനക്കാർ നിർദ്ദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരണമോ? അപ്രകാരമുള്ളവർ വിവരം നൽകേണ്ടതുണ്ടോ?
പ്രസ്തുത വിഭാഗം ജീവനക്കാർ വിവരം നൽകേണ്ടതാണ്. പ്രസ്തുത വിഷയത്തിൽ ഉചിതമായ നിർദ്ദേശം സർക്കാർ പുറപ്പെടുവിക്കുന്നതായിരിക്കും.
20. സഹോദരൻ , സഹോദരി എന്നിവരെ പദ്ധതിയിൽ ആശ്രിതരായി ചേർക്കുവാൻ സാധിക്കുമോ?
ഇല്ല.
21. റെഗുലറൈസ് ചെയ്യാത്ത SLR ജീവനക്കാർ , CLR ജീവനക്കാർ എന്നിവർ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുമോ ?
ഇല്ല.
22. ബോർഡ് , പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനത്തിൽ ഇരിക്കുന്നതോ റിട്ടയർ ചെയ്തതോ ആയ പങ്കാളിയെ പദ്ധതിയിൽ ആശ്രിതരായി ഉൾപ്പെടുത്താൻ സാധിക്കുമോ?
സാധിക്കും.
23. ബോർഡ് , പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനത്തിൽ ഇരിക്കുന്നതോ റിട്ടയർ ചെയ്തതോ ആയ മാതാപിതാക്കളെ പദ്ധതിയിൽ ആശ്രിതരായി ഉൾപ്പെടുത്താൻ സാധിക്കുമോ?
ഇല്ല.
24. വിമുക്തഭടരായ മാതാപിതാക്കൾ പദ്ധതിയിൽ ഉൾപ്പെടുമോ ?
ഇല്ല.
25. ബഹു. മുഖ്യമന്ത്രി/മന്ത്രിമാർ /പ്രതിപക്ഷ നേതാവ്/ചീഫ് വിപ്പ് എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫുകൾ പദ്ധതിയിൽ ഉൾപ്പെടുമോ ? എങ്കിൽ വിവരം എന്നു മുതൽ നല്കിത്തുടങ്ങണം ?
ഉൾപ്പെടും . സർക്കാർ ജീവനക്കാർ വിവരം നല്കുന്നതുപോലെ പ്രസ്തുത വിഭാഗങ്ങളും ബന്ധപ്പെട്ട ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർക്ക് വിവരം നൽകേണ്ടതാണ്. പെൻഷൻകാർ സർവ്വീസ് പെൻഷൻകാരോടൊപ്പം വിവരം നല്കേണ്ടതാണ്.
26. അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ / പെൻഷൻകാർ എന്നിവർ എന്നുമുതൽ വിവരം നല്കണം?
അപ്രകാരമുള്ളവർക്ക് പദ്ധതി ഓപ്ഷണൽ ആണ്. പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി പദ്ധതിയിൽ ചേരാവുന്നതാണ്. ഇതു സംബന്ധിച്ച് വിവരങ്ങൾ നല്കുന്നതിനുള്ള നടപടിക്രമം പിന്നീട് വിശദമാക്കുന്നതാണ്.
26. അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ / പെൻഷൻകാർ എന്നിവർ എന്നുമുതൽ വിവരം നല്കണം?
അപ്രകാരമുള്ളവർക്ക് പദ്ധതി ഓപ്ഷണൽ ആണ്. പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി പദ്ധതിയിൽ ചേരാവുന്നതാണ്. ഇതു സംബന്ധിച്ച് വിവരങ്ങൾ നല്കുന്നതിനുള്ള നടപടിക്രമം പിന്നീട് വിശദമാക്കുന്നതാണ്.
27. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനത്തിലുള്ളതോ പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചതോ ആയ മാതാപിതാക്കളെ പദ്ധതിയിൽ ആശ്രിതരുടെ പരിധിയിൽ ഉൾപ്പെടുത്താമോ ?
ഇല്ല.
28. പൊതു മേഖല/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും ജീവനക്കാരെയും പെൻഷൻകാരെയും നിർദ്ദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ ? നിലവിൽ അവർ വിവരങ്ങൾ നൽകേണ്ടതുണ്ടോ ?
പ്രസ്തുത പദ്ധതിയുടെ ആദ്യഘട്ടത്തിൽ മേൽപ്പറഞ്ഞ ജീവനക്കാരെയും പെൻഷൻകാരെയും ഉൾപ്പെടുത്തിയിട്ടില്ല . ആയതിനാൽ നിലവിൽ അവർ വിവരങ്ങൾ നൽകേണ്ടതില്ല.
29. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുമോ ?
ഉൾപ്പെടും .
30. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും വിരമിച്ചവർ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുമോ ? എങ്കിൽ വിവരങ്ങൾ എപ്പോൾ മുതൽ നല്കിത്തുടങ്ങണം?
വ്യവസ്ഥകൾക്ക് വിധേയമായി ഉൾപ്പെടും . വിവരങ്ങൾ നല്കുന്നതു സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതാണ് .
31. ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുമ്പോഴും കൈമാറ്റം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണ്?
ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനു എല്ലാ തലങ്ങളിലെ ഓഫീസർമാരും നിയമ പ്രകാരം സ്വീകരിക്കേണ്ട മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. വിവരം കൈമാറുന്നതിനു സ്വകാര്യ ഇ-മെയിൽ വിലാസങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. (ഉദാഹരണം @gmail, @yahoo etc). സർക്കാർ ഇ-മെയിൽ വിലാസം (@gov.in) ഇല്ലാത്ത ഓഫീസർമാർ മുദ്രവച്ച കോംപാക്റ്റ് ഡിസ്കിൽ വിവരങ്ങൾ നൽകേണ്ടതാണ്.