
മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക.